ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അതേസമയം വളരെ പ്രാധാന്യമർഹിക്കുന്നതുമായ കാലഘട്ടമാണ് ഗർഭകാലം. ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ കാലമായതിനാൽ തന്നെ ആഹാരകാര്യത്തിൽ വളരെയേറെ നിഷ്കർഷത പാലിക്കേണ്ടതുണ്ട്.
പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കാൻ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചില ആഹാരങ്ങൾ ഗർഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളർച്ചയെ ദോഷകരമായി ബാധിക്കുകയും ഗർഭം അലസുന്നതിന് വരെ കാരണമാവുകയും ചെയ്തേക്കാം.ഗർഭകാലത്ത് നിർബന്ധമായും ഒഴിവാക്കേണ്ട ആഹാരങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം
1) പപ്പായ
പാതിപഴുത്തതും പഴുക്കാത്തതുമായ പപ്പായയിലടങ്ങിയിരിക്കുന്ന Latex ഗർഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന Papain എന്ന എൻസൈം ഗർഭാശയ സങ്കോചങ്ങൾക്കും അതുവഴി ഗർഭം അലസുന്നതിനും കാരണമായേക്കാം
2) പൈനാപ്പിൾ
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന Bromelanin എന്ന എൻസൈം ഗർഭാശയ സങ്കോചങ്ങൾക്ക് കാരണമായേക്കാം.ഇത് ഗർഭം അലസുന്നതിനോ മാസം തികയാതെയുള്ള പ്രസവത്തിനോ കാരണമാകുന്നു. ഏറെ അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ള പൈനാപ്പിൾ ഗർഭധാരണത്തിന്റെ ആദ്യഘട്ടങ്ങളിൽ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്
3) മുന്തിരി
മുന്തിരിയുടെ തൊലിയിലടങ്ങിയിരിക്കുന്ന Resveratrol എന്ന എൻസൈം ഹോർമോൺ വ്യതിയാനങ്ങളുള്ള ഗർഭിണികൾക്ക് ദോഷകരമാണ്. Resveratrol വിഷബാധ ഗർഭധാരണത്തിന്റെ അവസാന ഘട്ടങ്ങളിൽ സങ്കീർണതകൾ ഉണ്ടാക്കുവാനുള്ള സാധ്യതകളും ഏറെയാണ്..ഇത് കൂടാതെ മുന്തിരിയുടെ കട്ടിയുള്ള തൊലി ദഹിക്കാൻ അൽപ്പം പ്രയാസമുള്ളതിനാൽ മലബന്ധം പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം
◆പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കിയതിനു
ശേഷം മാത്രം ഉപയോഗിക്കുക
◆പഴങ്ങൾ അവയുടെ സീസൺ സമയത്തുതന്നെ വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക
◆ നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ മുതലായ ദഹനപ്രശ്നങ്ങൾ ഉള്ളവർ സിട്രസ് പഴങ്ങൾ (മുന്തിരി, ഓറഞ്ച്, ചെറുനാരങ്ങ മുതലായവ) ഒഴിവാക്കുക
◆കടകളിൽ നിന്നും വാങ്ങുന്ന പഴച്ചാറുകൾ ഒഴിവാക്കുക. കഴിവതും വീട്ടിൽ തന്നെ തയ്യാറിക്കിയവ ഉപയോഗിക്കുക
4) മെർക്കുറിയുടെ അംശമുള്ള മത്സ്യങ്ങൾ
ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്കാവശ്യമായ ഒമേഗാ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് മത്സ്യങ്ങൾ .എന്നാൽ മെർക്കുറിയുടെ അംശമുള്ള മത്സ്യങ്ങൾ കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഒഴിവാക്കുക. അയല, സ്രാവ്, ചൂര, തെരണ്ടി മുതലായ മത്സ്യങ്ങളിൽ മെർക്കുറിയുടെ അംശം കൂടുതലായി കാണപ്പെടുന്നതിനാൽ ഇവ പരമാവധി ഒഴിവാക്കുകയോ മാസത്തിൽ ഒന്നോ രണ്ടോ തവണയിൽ കൂടുതലായി കഴിക്കാതിരിക്കുകയോ ചെയ്യുക. പാകം ചെയ്യാത്ത മത്സ്യവിഭവങ്ങൾ ഒരു കാരണവശാലും കഴിക്കരുത്
5) പച്ചമുട്ട
ഗർഭാവസ്ഥയിൽ മുട്ട കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും വളരെ നല്ലതാണ്. എന്നാൽ ശരിയായി വേവിക്കാത്ത മുട്ടയോ പച്ചമുട്ടയോ കഴിക്കുന്നത് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഒഴിവാക്കുക
6) വേവിക്കാത്ത മാംസം
നന്നായി വൃത്തിയാക്കാത്തതും വേവിക്കാത്തതും പഴകിയതുമായ മാംസാഹാരം ഒഴിവാക്കുക. ഇത് അമ്മയിലും പിന്നീട് കുഞ്ഞിലും അണുബാധയ്ക്ക് കാരണമായേക്കാം. കഴിവതും വീട്ടിൽ തന്നെ തയ്യാറാക്കിയ മാംസാഹാരം കഴിക്കാൻ ശ്രദ്ധിക്കുക
7) തിളപ്പിക്കാത്ത പാൽ
സമീകൃതാഹാരമായി കണക്കാക്കുന്ന പാൽ പ്രോട്ടീനുകളുടെയും ധാതുക്കളുടെയും കലവറ തന്നെയാണ്. എന്നാൽ പച്ചപ്പാൽ അമ്മയ്ക്കും കുഞ്ഞിനും പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഒഴിവാക്കുക.
8) കഫീൻ , മദ്യം
കഫീൻ അടങ്ങിയ ലഹരിപദാർത്ഥങ്ങളും മദ്യം പോലുള്ള പാനീയങ്ങളും ഒഴിവാക്കുക. ഇവയുടെ അമിതമായ ഉപയോഗം ഗർഭസമയത്ത് അനാവശ്യ സങ്കീർണതകൾ ഉണ്ടാകുന്നതിനും കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ചിലപ്പോൾ ഗർഭം അലസുന്നതിന് വരെയും കാരണമായേക്കാം
◆പാകം ചെയ്യാത്ത ആഹാരസാധനങ്ങൾ ഒഴിവാക്കുക. ഇവയിൽ ബാക്ടീരിയ, വൈറസ് മുതലായ സൂക്ഷമാണുക്കൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇവ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം
◆ഫ്രിഡ്ജിൽ വെച്ചതും പഴകിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക
Comments
Post a Comment