“ രക്തസമ്മർദ്ദം" നിയന്ത്രിക്കാന്‍ അറിയേണ്ടതും ശീലിക്കേണ്ടതും
ജീവിത ശൈലീരോഗങ്ങളില്‍ (Life style Diseases) പ്രമേഹം കഴിഞ്ഞാല്‍ മുന്നിട്ട് നില്‍ക്കുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ധം (Hypertension). “നിശബ്ദനായ കൊലയാളി” എന്ന വിളിപ്പേരുള്ള രക്താതിസമ്മര്‍ദ്ദമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ മരണത്തിനിടയാക്കുന്ന ഹൃദയാഘാതത്തിനുള്ള പ്രധാന കാരണം. കേരളത്തിലെ കണക്കുകള്‍ പ്രകാരം 40 നും 60 നും മധ്യേ പ്രായമുള്ളവരില്‍ 43% ആളുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തിന്‍റെ പിടിയിലാണ്. വര്‍ഷം തോറും കൂടി വരുന്ന ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് നമ്മുടെ സമൂഹം ഇന്ന് തെറ്റായ ജീവിതശീലങ്ങള്‍ക്കും ആഹാരരീതികള്‍ക്കും എത്രമാത്രം അടിമപ്പെട്ടിരിക്കുന്നു എന്നതാണ്.
⭐️ എന്താണ് രക്തസമ്മര്‍ദ്ദം ?
ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യാനുസരണം ശുദ്ധരക്തം എത്തിക്കുന്നത് ഹൃദയമാണ്. ഒരു മിനിട്ടില്‍ ഏകദേശം 70 തവണ ഹൃദയം രക്തം പമ്പ് ചെയ്യുന്നുണ്ട്. ഇങ്ങനെ പമ്പ് ചെയ്യുമ്പോള്‍ രക്തം ധമനികളുടെ ഭിത്തികളില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദമാണ് "രക്തസമ്മര്‍ദ്ദം” (Blood Pressure). ഹൃദയം സങ്കോചിക്കുമ്പോള്‍ അഥവാ രക്തം ശക്തമായി പമ്പ് ചെയ്യുമ്പോള്‍ ധമനീ ഭിത്തികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദത്തെ "സിസ്റ്റോളിക് പ്രഷര്‍” എന്നു പറയുന്നു. പ്രായപൂര്‍ത്തിയായവരില്‍ ഇത് 120 mmHg മുതല്‍ 145 mmHg വരെയായിരിക്കും. ഹൃദയം വികസിക്കുമ്പോള്‍ അഥവാ പമ്പ് ചെയ്യാതെ വിശ്രമിക്കുമ്പോള്‍ ധമനികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദത്തെ "ഡയസ്റ്റോളിക പ്രഷര്‍” എന്നും പറയുന്നു. ഇത് 80 mmHg മുതല്‍ 90 mmHg വരെയായിരിക്കും. സാധാരണ രക്തസമ്മര്‍ദ്ദം സിസ്റ്റോളിക്-ഡയസ്റ്റോളിക് 120/80 mmHg ആണ്. പ്രായത്തിനനുസരിച്ച് അത് 150/90 mmHg വരെ കൂടാം. അതില്‍ കൂടിയാല്‍ ആ വ്യക്തി രക്താതിസമ്മര്‍ദ്ദ രോഗിയാണെന്ന് പറയാം.
⭐️ കാരണങ്ങള്‍
🔸മുന്‍പ് സൂചിപ്പിച്ചതു പോലെ മാറിയ ജീവിത ശൈലികളും ആഹാരരീതികളും രക്താതിസമ്മര്‍ദ്ദത്തിനുള്ള പ്രധാനകാരണങ്ങളാണ്.
🔸വ്യയാമക്കുറവ്, അമിതവണ്ണം എന്നിവ ചെറുപ്രായത്തില്‍ തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് വഴി തെളിക്കുന്നു.
🔸പുകവലി, മദ്യപാനം, മാനസിക പിരിമുറുക്കം, ഉറക്കക്കുറവ്, വായുക്ഷോഭം എന്നിവ രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുന്നു.
🔸വൈറ്റമിന്‍ ഡി യുടെ അഭാവം, പൊട്ടാസ്യത്തിന്‍റെ കുറവ് എന്നിവയും രക്താതി സമ്മര്‍ദ്ദത്തിന് കാരണമാണ്.
🔸രക്തത്തിലെ പ്ലാസ്മയിലെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വൈകല്യങ്ങള്‍ (Coronary Artery Disease, Atherosclerosis, Septal Defects) എന്നിവയും രക്താതിസമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
🔸കൂടാതെ ജനിതക ഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, പാരമ്പര്യം, ഹൈപ്പര്‍തൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം എന്നിവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു കാരണമാകുന്നു.
⭐️ ലക്ഷണങ്ങള്‍
🔸ക്ഷീണം, ഉറക്കക്കുറവ്, തലയ്ക്ക് പിന്‍വശം വേദന, തലചുറ്റല്‍, കാഴ്ചക്കുറവ്, ഉന്‍മേഷക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
🔸കയറ്റം കയറുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെടുക, കിതപ്പ് അനുഭവപ്പെടുക, കാലിന്‍റെ പാദങ്ങളില്‍ നീര് വരിക എന്നിവ രോഗ ലക്ഷണങ്ങളാണ്.
ഹൈപ്പര്‍ടെന്‍ഷന് ഉചിതമായ ചികിത്സ എടുക്കാതിരിക്കുന്നതും കൃത്യമായ ഇടവേളകളില്‍ ബ്ലഡ് പ്രഷര്‍ പരിശോധിക്കാതിരിക്കുന്നതും വൃക്കകളുടെ പ്രവര്‍ത്തനത്തെയും കാഴ്ചശക്തിയെയും തകരാറിലാക്കുന്നു. മാത്രമല്ല ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തലച്ചോറിലെ ചെറിയ രക്തക്കുഴലുകള്‍ പൊട്ടുന്നതിനും രക്തം കട്ടപിടിച്ച് സ്ട്രോക്ക്, പക്ഷാഘാതം തുടങ്ങിയ മാരകമായ രോഗാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു.
⭐️ പ്രതിരോധം എങ്ങനെ ?
🔸ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. സ്ഥിരമായ വ്യയാമം അവയവങ്ങളിലേക്കുള്ള രക്തയോട്ടം സുഗമമാക്കുന്നു.
🔸ധാരാളം വെള്ളം കുടിക്കുക
🔸പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ അധികമായി ഉള്‍പ്പെടുത്തുക.
🔸വറുത്തതും, പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ പരമാവധി ഒഴിവാക്കുക.
🔸ശരീരഭാരം നിയന്ത്രിക്കുക.
6.40 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ മാസത്തില്‍ മൂന്നു തവണയെങ്കിലും ബി.പി. പരിശോധിക്കുക.
🔸ഭക്ഷണത്തില്‍ സോഡിയം(ഉപ്പ്) മിതമായി ഉപയോഗിക്കുക.
⭐️ ചികിത്സകള്‍
🔸സര്‍പ്പഗന്ധി വടിക ജീരകാരിഷ്ടത്തില്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
🔸അര്‍ജ്ജുന്‍ ഫോര്‍ട്ട് ടാബ്ലെറ്റ് ഹൃദയ പേശികളെ ബലപ്പെടുത്തുകയും അതുവഴി രക്തചംക്രമണം ക്രമീകരിക്കുകയും ചെയ്യുന്നു.
🔸ബൃഹത്യാദി കഷായത്തില്‍ ധാന്വന്തരം ഗുളിക ചാലിച്ച് കഴിക്കുന്നത് ഫലപ്രദമാണ്.
🔸ഓരിലവേര് വെന്ത കഷായം രോഗാവസ്ഥയനുസരിച്ച് നിര്‍ദ്ദേശിക്കാം.
🔸ഹൃദ്രോഗ ചികിത്സയില്‍ പറഞ്ഞിട്ടുള്ള പാര്‍ത്ഥാരിഷ്ടം, ധാത്ര്യാരിഷ്ടം, അമൃതപ്രാശഘൃതം, ഗുഗ്ഗുലുതിക്തകം ഘൃതം, നവയായചൂര്‍ണ്ണം, യവാന്യാദിചൂര്‍ണ്ണം എന്നിവ രോഗീബലത്തെയും രോഗാവസ്ഥയെയും മനസ്സിലാക്കി വൈദ്യ നിര്‍ദ്ദേശപ്രകാരം സേവിക്കുക.
🔸മാനസിക സമ്മര്‍ദ്ദം മൂലമൂണ്ടാകുന്ന രക്തസമ്മര്‍ദ്ദത്തിന് ധ്യാനം, യോഗ എന്നിവ ശീലമാക്കുന്നത് നല്ലതാണ്.
ജീവിതരീതികളില്‍ മാറ്റം വരുത്തുന്നതിലൂടെ ഉയര്‍ന്ന രക്തമ്മര്‍ദ്ദം ഒരു പരിധിവരെ തടയാന്‍ സാധിക്കും. ഭക്ഷണരീതിയിലുള്ള മാറ്റം, ശാരീരികമായ വ്യായാമം, ശരീരവണ്ണം നിയന്ത്രിക്കല്‍ എന്നിവ രക്തസമ്മര്‍ദ്ദം പരിധിയില്‍ നിര്‍ത്താന്‍ സഹായിക്കുന്നു. ജോലിസ്ഥലത്തെ സമ്മര്‍ദ്ദം കുറയ്ക്കുന്നതും, സന്തോഷമായ കുടുംബാന്തരീക്ഷവും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
Deputy Medical Officer (Ayurveda)
Santhigiri Ayurveda & Siddha Hospital, Trivandrum
Comments
Post a Comment