കഴിഞ്ഞ ഡോക്ടേഴ്സ് ദിനത്തിൽ ഒരു ബോധവല്ക്കരണ ക്ലാസുമായി കടന്ന് ചെന്നത് ഒരു വിമൻസ് കോളേജിലേക്കാണ്. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനികൾ മുതൽ PG കുട്ടികൾ വരെ നിറഞ്ഞ സദസ്. ഇവരുടെ ആരോഗ്യത്തെക്കുറിച്ചാണ് ബോധവല്ക്കണം.
പല മുഖങ്ങൾ, വേഷവിധാനങ്ങൾ. മുഖക്കുരു മുതൽ ക്യാൻസർ വരെ വിഷയങ്ങൾ ധാരാളം.
ആർത്തവത്തിലേക്ക് കടന്നപ്പോൾ സംശയങ്ങൾ നിരവധി.
എത്ര പേർക്ക് PCOS/PCOD ഉണ്ട്?? എന്ന ചോദ്യത്തിന് 30% ത്തോളം പേർ കൈയ്യുയർത്തി !!
എന്താണീ PCOS എന്ന ചോദ്യത്തിന് മുൻ നിരയിലെ മിടുക്കി പറഞ്ഞ ഉത്തരം
" നല്ലതാ മാഡം, പിന്നെ മെൻസസ് വരില്ല. എന്റെ ചേച്ചിക്കുണ്ട്. അവൾക്ക് പാഡ് വാങ്ങണ്ട, മാറ്റി കഷ്ടപ്പെടുകയും വേണ്ട.!"
ഞെട്ടിയെങ്കിലും ആ നിഷ്കളങ്ക മറുപടി എന്നിൽ ചിരിയുണർത്തി.
"അപ്പോൾ നിങ്ങൾക്കാർക്കും പീരീഡ്‌സ് ആകണ്ടേ" ???
എന്ന ചോദ്യത്തിന്
കുറച്ച് പേരൊഴികെ ബാക്കിയുള്ളവർ കോറസായി പറയുന്നു " വേണ്ടാ " എന്ന്.
വേണം എന്നുള്ളവരോട് "എന്തുകൊണ്ട് വേണം"? എന്ന ചോദ്യത്തിന്
വിവാഹമടുക്കുന്നു എന്നതിന് സമാനമായ ഉത്തരങ്ങൾ കിട്ടി..
ആർത്തവവും പ്രത്യുല്പാദനവും സ്ത്രീ ആരോഗ്യവും ഒക്കെ അല്പം വിശദമായിത്തന്നെ
അവരോട് പറഞ്ഞു.
വേദനാരഹിതമാക്കി ആർത്തവത്തെ ആരോഗ്യ പൂർണ്ണമാക്കുന്നതിനുള്ള വഴികൾ പറഞ്ഞു കൊടുത്തു.
പാഡിന്റെ എണ്ണം കുറയ്ക്കുന്ന PCOS എന്ന അപകടകാരിയായ സുഹൃത്തിനെക്കുറിച്ച് അല്പം കാര്യമായി തന്നെ
പറയാം എന്ന് കരുതി.
*എന്താണ് PCOS❓*
കൗമാര പ്രായം മുതൽ കണ്ടുവരുന്ന വളരെ ഗൗരവമേറിയ ഒരു ആരോഗ്യ പ്രശ്നമാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് അഥവാ അണ്ഡാശയ മുഴകൾ. ഈ രോഗം അണ്ഡാശയ മുഴകൾ ഇല്ലെങ്കിൽ തന്നെ പോളിസിസ്റ്റിക് ഓവറിയുടെ മറ്റു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്ന രോഗാവസ്ഥയായി കണക്കാക്കാം. ജീവിതശൈലീ രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്. അണ്ഡാശയങ്ങളിൽ അണ്ഡം ആകുവാൻ വേണ്ടി സജ്ജമാകേണ്ട ഫോളിക്കിളുകൾ ഒരേപോലെ കുമിളകളായി മാറുന്നു.(അതായത് മാസം തോറും അണ്ഡോത്പാദനം നടന്ന് പുറത്തേക്ക് വരേണ്ട ovum ഒരു സിസ്റ്റായി പരിണമിച്ച് ഓവറിയിൽ നിന്ന് പുറത്ത് വരാതെയിരിക്കുക). ക്രമരഹിതമായ ആർത്തവത്തിൽ നിന്ന് തുടങ്ങുന്ന ലക്ഷണങ്ങൾ വന്ധ്യതയിലേക്ക് വരെ എത്തിച്ചേരാം.
*എന്തൊക്കെയാകാം PCOS കാരണങ്ങൾ ❓*
എന്തിനും ഒരു കാരണമുണ്ടാവുമല്ലോ? അല്ലേ?
1. ആരൊക്കെ വീട്ടിൽ മുറ്റമടിക്കാറുണ്ട്.?
2. സ്വന്തം തുണി അലക്കുന്നവർ ?
3. വീട് വൃത്തിയാക്കുന്നവർ ?
90% ഉം *ഇല്ല* എന്ന ഉത്തരം നല്കിയവർ തന്നെ.
ഉച്ചക്ക് ബർഗറും, Soft drink ഉം കഴിക്കുന്നവർ ധാരാളം.
ലഞ്ച് കൊണ്ടുവരാൻ വയ്യ.
ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ ?
എന്ന ചോദ്യത്തിന്
വെള്ളം കുടിച്ചാൽ മൂത്രമൊഴിക്കേണ്ടി വരും എന്നതിനാൽ അത് ഒഴിവാക്കും.
അവരുടെ രോഗകാരണം അവർക്കു മുൻപിൽ തെളിവോടെ വന്നു നിന്നു.
*വില്ലൻ വരുന്ന വഴി*
1. ആഹാര ജീവിത ശൈലികളിൽ വന്ന മാറ്റങ്ങൾ പ്രധാന കാരണം.
ജങ്ക്ഫുഡ്, ഫാസ്റ്റ് ഫുഡ് (പിസ്സ, ബർഗർ, ഷവർമ ഒക്കെയാണ് സോഷ്യൽ സ്റ്റാറ്റസ് നിശ്ചയിക്കുന്നത് ) അതിപ്രസരം.
2. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, ( ഫ്രഞ്ച് ഫ്രൈസും ,Bucket full ചിക്കൻ കാലും, കോളയുമില്ലാതെന്ത് ആഘോഷം?)
3. മധുരപലഹാരങ്ങൾ, ( Bakers ൽ എന്നും എല്ലാം കിട്ടും .. പതിവാക്കണ്ടട്ടോ )
4. ശീതീകരിച്ച പാനീയങ്ങൾ, (2 litre കോള കുപ്പി ഫ്രിഡ്ജിൽ ഇല്ലേൽ സമാധാനമില്ല)
5. മാംസാഹാരങ്ങൾ തുടങ്ങിയവയുടെ അമിത ഉപയോഗം ,(ചിക്കനല്ലാതെ അവൾ കഴിക്കില്ല, അഭിമാനത്തിന്റെ ഓരോ വേർഷൻസ്)
6. വേണ്ടത്ര പോഷകാഹാരങ്ങൾ കഴിക്കാതിരിക്കുക, (പച്ചക്കറി അവൾ തൊടില്ല സാറേ ... കേട്ടു പഴകിയ സ്ഥിരം ഡയലോഗ് )
7. സമയം തെറ്റിയുള്ള ഭക്ഷണക്രമം, ( രാവിലെ ട്യൂഷന് പോകണം, പിന്നെ കഴിക്കാൻ നേരമെവിടെ? )
നാലു മണി ബേക്കറി പലഹാരങ്ങളിൽ മാത്രമായി ഭക്ഷണം ഒതുക്കുക തുടങ്ങിയ ആഹാര ശീലങ്ങൾ. (മിക്ച്ചറും ,ചിപ്സും ആണേൽ കഴിച്ചോളും )
8. നടത്തം, (Bus മുറ്റത്ത് വരും) ഓട്ടം, (അത് whats app
emicon നെ ഏല്പിച്ചു🏃♀🏃♀ ?) വള്ളിച്ചാട്ടം പോലുള്ള കളികൾ, നീന്തൽ തുടങ്ങി യാതൊരു വ്യായാമവും ഇല്ലാതെ ടി.വി., കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയെ അധികമായി ആശ്രയിച്ചു കൊണ്ടുള്ള മെഷീൻ കേന്ദ്രീകൃത (sedentary life style)ജീവിതരീതി.
9. പകലുറക്കം, ( ക്ലാസ് കഴിഞ്ഞ ക്ഷീണം കാരണം എന്ന് വിശദീകരണം ) അമിത മാനസികസമ്മർദ്ദം (ഇല്ലെങ്കിൽ മാതാപിതാക്കൾ ഉണ്ടാക്കും)
10. വളരെ വൈകിയുള്ള ഉറക്കം.
*ഇവയെല്ലാം ശരീരത്തിൽ എന്താണ് ചെയ്യുന്നത് എന്ന് അറിയാമോ?*
തലച്ചോറിലെ ഹൈപ്പോതലാമസിൽ ഉണ്ടാകുന്ന ഹോർമോണുകളുടെ ക്രമം തെറ്റുകയും,അവ അണ്ഡാശയ ഹോർമോണുകളെ താളം തെറ്റിക്കുകയും ചെയ്യും. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തിൽ വ്യത്യാസങ്ങൾ വരിക, പുരുഷഹോർമോണുകൾ കൂടുതലാവുക തുടങ്ങിയവയും പലരിലും അനുബന്ധമായി കാണപ്പെടുന്നു. അതോടൊപ്പം അണ്ഡാശയത്തിൽ കുമിളകൾ പോലെ രൂപാന്തരപ്പെടുകയും ചെയ്യുന്നു.
*എന്തൊക്കെയാണ് PCOS ലക്ഷണങ്ങൾ അറിയാമോ*❓
ലക്ഷണ സമുച്ചയമായാണ് ഇത് കാണപ്പെടുന്നത്.
▪ക്രമം തെറ്റിയുള്ള ആർത്തവം,
▪ആർത്തവമില്ലാതിരിക്കുക.
(Amenorrhoea, Oligomenorrhoea)
▪അമിതരക്തസ്രാവം തുടങ്ങിയ ആർത്തവത്തകരാറുകൾ.
▪അണ്ഡോത്പാദനമില്ലായ്മ,
▪വന്ധ്യത.
▪അമിതവണ്ണം,
▪മുടികൊഴിച്ചിൽ,
▪മീശ, താടി രോമങ്ങളുടെ അമിതവളർച്ച,
▪കഴുത്തിനു ചുറ്റുമുള്ള കറുപ്പു നിറം ,
▪കട്ടിയുള്ള മുഖക്കുരു തുടങ്ങിയ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങൾ.
😖കൂട്ടത്തിൽ തടിയുള്ളവരോട് ''ഏതാ റേഷൻ കട" എന്ന് ചോദിക്കുന്ന കാലം കഴിഞ്ഞു. "PCOS ഉണ്ടോ?" എന്നാണ് എന്നാണ് പുതിയ ചോദ്യം?????
ഇത് കേട്ടതും അല്പം വണ്ണമുള്ള അശ്വതിയുടെ ചോദ്യം വന്നു
*ആഹാരം കഴിക്കുന്നത് വളരെ കുറവെങ്കിലും വണ്ണം കൂടി വരുന്നു എന്താണ് കാരണം*⁉
✅കഴിക്കുന്ന ആഹാരത്തിന്റെ അളവിനേക്കാൾ പ്രധാനം അതിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളാണ്.
📍🍟🍔ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഇവ അധികരിക്കുന്നത്.
📍🌑🍖🍗രാത്രി ഭക്ഷണത്തിൽ
മാംസാഹാരം അധികമായി ഉൾപ്പെടുത്തുന്നത്.
📍🕟🧀🥐🍕വൈകുന്നേരം ബേക്കറി പലഹാരങ്ങൾ മാത്രമാക്കുന്നത്.
📍🍒🍌🍉🥝 ആവശ്യത്തിന് പഴങ്ങളും, നാരുകളടങ്ങിയ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താത്തത്.
ഇവയെല്ലാം കാരണം അധിക അളവിൽ കഴിച്ചില്ലെങ്കിലും അമിതവണ്ണത്തിന് കാരണമായിത്തീരുന്നു.
പ്രത്യേകിച്ചും central obesity. (ശരീരം മെലിഞ്ഞും വയർ ചാടിയുമിരിക്കുക).
*കൂടെയെത്തും സഹ വില്ലൻ*🕵🏼♂
മിക്ക ആളുകളിലും PCOS ന് ഒപ്പം കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് കരളിൽ അടിയുന്ന കൊഴുപ്പ്( Fatty liver).
*വ്യായാമം ഇല്ലേ ഇല്ല*🤸♀⛹♀🚴♀🏃♀
ഓട്ടം, ചാട്ടം, നടത്തം, കളികൾ, വയറിന് വ്യായാമം കിട്ടുന്ന തരത്തിലുള്ള ജോലികൾ എല്ലാം വളരെ കുറവ്.
മുറ്റമടി, അമ്മിക്കല്ലിൽ അരയ്ക്കൽ, തേങ്ങ ചിരകൽ, ഇരുന്ന് പാത്രം കഴുകൽ, കുനിഞ്ഞും നിവർന്നും തുണി അലക്കൽ ഇവയെല്ലാം വീട്ടുജോലികൾ മാത്രമല്ല അരക്കെട്ടിനുള്ള ഉത്തമ വ്യായാമമുറകളും കൂടിയാണ്.
*ലക്ഷണങ്ങളൊക്കെകേട്ട് മെലിഞ്ഞവർ എനിക്ക് PCOS ഇല്ല എന്ന് വിചാരിക്കാൻ വരട്ടെ , മെലിഞ്ഞവരിലും PCOS വരാം*
വണ്ണമുള്ളവരിൽ മാത്രമല്ല മെലിഞ്ഞിരിക്കുന്നവരിലും ഇത് കാണപ്പെടുന്നു.
ആർത്തവം കൃത്യമായി വരുന്നതിനും, ക്രമക്കേടുകൾ ഇല്ലാതിരിക്കാനും ശരീരത്തിൽ ആവശ്യത്തിന് കൊഴുപ്പ് വേണ്ടതാണ്. BMI വളരെ കൂടിയാലും തീരെ കുറഞ്ഞാലും പ്രയാസമാണ്.
*പൊടിമീശ മുളയ്ക്കണ പ്രായം .ഇടനെഞ്ചിൽ ബാൻറടിമേളം* ...🥁
പക്ഷെ പൊടിമീശ പെൺകുട്ട്യോൾക്കാണേലോ? അപ്പോഴും ഇടനെഞ്ചിൽ ബാന്റടി തന്നെ, താളത്തിൽ വ്യത്യാസമുണ്ടാകുമെന്ന് മാത്രം.'' മീശ ടെൻഷനിടയിലും ബാൻറടി അവരിൽ ഒരു മന്ദസ്മിതം ഉണർത്തി.
*പിൻവലിക്കപ്പെടാത്ത മീശ*👺
PCOS ഫലമായി പുരുഷ ഹോർമോണിന്റെ അളവ് കൂടി വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് (Hirsutism).രോമങ്ങൾ പിഴുതു കളഞ്ഞും മറ്റും പരിഹാരങ്ങൾ തേടുന്നു. മറ്റുള്ളവരുടെ പരിഹാസങ്ങൾക്ക് മുമ്പിൽ ആത്മവിശ്വാസം നഷ്ടപ്പെടുന്നവരും കൂടി വരുന്നു.
മുടി കൊഴിച്ചിലും കഷണ്ടി പോലെ ആവുന്നതും അനുബന്ധമായി കണ്ടു വരുന്നു.
*പരിഹാരമാർഗ്ഗങ്ങൾ*
പിഴുതുകളയുന്നത് രോമങ്ങളുടെ വേരുകളെ കൂടുതൽ ബലപ്പെടുത്തുകയും കട്ടിയിൽ രോമം വളരാൻ കാരണമാവുകയും ചെയ്യുന്നു. PCOS ചികിത്സയോടൊപ്പം
മഞ്ഞൾ, ഗന്ധക രസായനം, ഏലാദിഗണ ചൂർണം, മുട്ടത്തോട് ഭസ്മം മുതലായവ വൈദ്യ നിർദ്ദേശ പ്രകാരം യുക്തമായ ദ്രവ ദ്രവ്യം ചേർത്ത് മുഖത്ത് പുരട്ടാം. ഇത് രോമവളർച്ചയെ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.
*കട്ടിയുള്ള മുഖക്കുരുക്കൾ*
🕵🏽♂വില്ലന്റെ സാന്നിദ്ധ്യം അറിയിക്കുകയാണവ
സാധാരണ മുഖക്കുരുക്കളിൽ നിന്നും വ്യത്യാസമായി കട്ടിയുള്ള മുഖക്കുരുക്കൾ ഉണ്ടാകുന്നു.(Acne vulgaris). പലരും മുഖക്കുരുവിന്റെ ചികിത്സ തേടുമ്പോഴാണ് PCOS ന് അനുബന്ധമായുണ്ടായതാണെന്ന് മനസ്സിലാക്കുന്നത്. അകത്തേക്ക് കഴിക്കുന്ന മരുന്നുകൾ പ്രധാനം. കൂടെ പാച്ചോറ്റി, മഞ്ചട്ടി, ത്രിഫല, മല്ലി തുടങ്ങിയവ വൈദ്യ നിർദ്ദേശ പ്രകാരം പുറമേ പുരട്ടുന്നതും ഗുണകരമായി കാണുന്നു.
*കഴുത്തിന് പിന്നിലെ കറുപ്പു നിറം, വിള്ളലുകൾ ഇവ ത്വക് രോഗമാണോ⁉*
അതും അല്ല....
പല എണ്ണകളും ക്രീമും മാറി മാറി പുരട്ടിയിട്ടും ഫലം കിട്ടാതെ വരുമ്പോഴാണ് PCOS മൂലമാണ് കഴുത്തിന് പിന്നിൽ കറുപ്പു നിറം വരുന്നത് എന്ന് തിരിച്ചറിയുന്നത്.(Acanthosis nigricans).
ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസ് മാറ്റിയെടുക്കുക എന്നതാണ് പ്രതിവിധി.
ചിട്ടയായ ഭക്ഷണക്രമം, വ്യായാമം എന്നിവയും
വേങ്ങാക്കാതൽ, ഉലുവ മുതലായവ ഇട്ട് തിളച്ചിച്ച വെള്ളം, യുക്തി അനുസരിച്ചുള്ള കഷായങ്ങൾ ഇവയൊക്കെ ഫലപ്രദമാണ്.
കടലമാവും തൈരും മിശ്രിതമാക്കി പുരട്ടി ഉണങ്ങിയതിന് ശേഷം കഴുകി കളയുന്നത് ഗുണം ചെയ്യും. ബദാം, വെള്ളരിക്ക, തേൻ മിശ്രിതവും ഫലപ്രദമാണ്.
ആയുർവേദ പ്രകാരമുള്ള ദീപന പാചന ഔഷധങ്ങൾ (ഉദാ: ശതകുപ്പ) ചികിത്സാർത്ഥം ഉപയോഗിക്കാം.
*കഷായമോ❓ 😖 കേൾക്കുമ്പോഴേ ഒരു ചവർപ്പ് കുമാരിമാരുടെ മുഖങ്ങളിൽ*
മിക്കവാറും എല്ലാ ആയുർവേദ കഷായങ്ങളും ഗുളിക രൂപത്തിൽ ലഭ്യമാണ്. അതിനാൽ ചവർപ്പിനെ പേടിച്ച് കഴിക്കാതിരിക്കണ്ട.
*വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ടോ❓*
ഭാവിയിൽ കുഞ്ഞുവാവയെ വേണ്ടാത്തവർ ആരെങ്കിലും ഉണ്ടോ? എന്ന ചോദ്യത്തിന് നമ്രമുഖീ മന്ദസ്മിതങ്ങളും ചിരിയും ഒക്കെ ചേർന്ന് *വേണം* എന്ന മറുപടി തന്നെ കിട്ടി.
PCOS തന്റെ വില്ലൻ മുഖം ദൃശ്യമാക്കുന്ന ഒരു Scene വന്ധ്യതയാണ്.
അണ്ഡോത്പാദനം നടക്കാത്തതു കൊണ്ട് വന്ധ്യതയ്ക്ക് ഒരു പ്രധാന കാരണമായിത്തീരുന്നു. വന്ധ്യതാ ചികിത്സ തേടുന്നവരിൽ ബഹുഭൂരിഭാഗവും PCOS ഉള്ളവരാണ്.
എന്നു കരുതി കല്യാണത്തിന് ഒരു മാസമുള്ളപ്പോൾ ചികിത്സിച്ചാൽ പോരേ? എന്ന് ചിന്തിക്കരുത്. തുടക്കത്തിൽ തന്നെ ചികിത്സിച്ചു മാറ്റി കൃത്യമായി മെൻസസ് ഉള്ളവരാകണം.
*വിവാഹം കഴിഞ്ഞ് കുട്ടികൾ ഒക്കെ ആയി കഴിഞ്ഞ് വരുന്നPCOS ന് ചികിത്സിക്കേണ്ടേ❓*
വന്ധ്യത ഒരു പ്രധാന പ്രശ്നമാണെന്നിരിക്കെ കുട്ടികൾ ഉണ്ട്, ഇനി ചികിത്സ ആവശ്യമില്ല എന്ന ധാരണ വേണ്ട. ഹോർമോൺ പ്രശ്നങ്ങൾ കൊണ്ട് സ്തനാർബുദ സാധ്യതകൾ, പ്രമേഹ സാധ്യതകൾ എന്നിവ വർദ്ധിക്കുന്നു. അതിനാൽ ചികിത്സ അവർക്കും ആവശ്യമാണ്.
*രോഗനിർണയം എങ്ങനെ*❓❓
ലക്ഷണങ്ങൾ, (മുഖത്തെ രോമവളർച്ച, കഴുത്തിലെ കറുപ്പു നിറം, ക്രമം തെറ്റിയ ആർത്തവം മുതലായവ)
സ്കാനിംഗ്, ഹോർമോൺ പരിശോധനകൾ എന്നിവയിലൂടെ PCOS രോഗനിർണയം ചെയ്യാം.
*ചികിത്സയുടെ പ്രാധാന്യം*❓❓
PCOS ചികിത്സിച്ചു മാറ്റണോ? അതോ പിരീഡ് ആകില്ല എന്ന സൗകര്യം കണക്കാക്കി ചികിത്സിക്കാതിരിക്കണോ ?
കൗമാരപ്രായക്കാരിൽ ആർത്തവം കൃത്യമായി വരുന്നതിനും, മറ്റ് അനുബന്ധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും,
ആർത്തവ വേദന, അമിതവണ്ണം, മുഖക്കുരു, തലമുടി കൊഴിച്ചിൽ മുതലായവ
തുടക്കത്തിൽ തന്നെ ചികിത്സിക്കുന്നതാണ് നല്ലത്.
വന്ധ്യതാ ചികിത്സയിൽ അണ്ഡോത്പാദനത്തിനും, ഗർഭാശയസ്തരം (endometrium)
ആരോഗ്യ പൂർണമാക്കുന്നതിനും പ്രാധാന്യം കൊടുത്തുള്ള ചികിത്സകൾ ആവശ്യമാണ്.
അമിതവണ്ണം ( BMI>25), അഞ്ചോ ആറോ മാസങ്ങൾ കൂടുമ്പോൾ ആർത്തവം വരിക, ഹോർമോൺ ഗുളികകൾ കഴിക്കുമ്പോൾ മാത്രം ആർത്തവം ഉണ്ടാവുക തുടങ്ങിയ അവസ്ഥകളിൽ പഞ്ചകർമ്മാധിഷ്ഠിതമായ ചികിത്സകൾ ഗുണപ്രദമാവാറുണ്ട്.
മെലിഞ്ഞിരിക്കുന്നവരിൽ ആർത്തവജനകമായ ഔഷധങ്ങൾ തന്നെ പ്രധാനം.
ഇങ്ങനെയുള്ളവർ മേല്‍പ്പറഞ്ഞ വ്യായാമം ചെയ്യുന്നതോടൊപ്പം വിദഗ്ദ്ധ ഡോക്ടറെ കണ്ട് ചികിത്സയും നടത്തേണ്ടതാണ്.
*പ്രതിവിധികൾ*, *പരിഹാരങ്ങൾ*🧐
മരുന്നിനേക്കാളും ചികിത്സയേക്കാളും പ്രധാനം ഭക്ഷണ, വ്യായാമ ചിട്ടകൾ ശീലിക്കുന്നതിനാണ്.
❌ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഇവ സാമാന്യമായി ഒഴിവാക്കുക.
❌എണ്ണയിൽ വറുത്തത്, പൊരിച്ചത്, മാംസാഹാരങ്ങൾ , മധുര പലഹാരങ്ങൾ തുടങ്ങിയവ അധികമായി ശീലിക്കാതിരിക്കുക.
✅30-45 മിനിറ്റ് വ്യായാമം നിർബന്ധമായും ചെയ്യുക. നടത്തം, ഓട്ടം, വള്ളിച്ചാട്ടം (സ്കിപ്പിംഗ്), നീന്തൽ, സൈക്ലിംഗ്, ഡാൻസിംഗ് തുടങ്ങിയവ ഉൾപ്പെടുത്താം. നന്നായി വിയർക്കുന്നതുവരെ വ്യായാമം ചെയ്യണം.
അരയ്ക്കുക, ആട്ടുക, മുറ്റമടിക്കുക എന്നിവ ചെയ്യാൻ പ്രയാസമുള്ളവർ ഇവ ഭാവനയിൽ കണ്ട് ആ രീതിയിൽ വ്യായാമം ചെയ്യുന്നത് നല്ലതാണ്.
✅രാത്രി ഭക്ഷണം വളരെ കുറഞ്ഞ അളവിൽ മാത്രം 8 മണിക്ക് മുമ്പേ കഴിക്കുക. പച്ചക്കറികൾ സാലഡ് പോലെയോ, വേവിച്ചോ കഴിക്കാം.
റാഗിക്കുറുക്ക്, ചെറുപയർ, പഴവർഗങ്ങൾ ഇവ ഏതെങ്കിലും മാത്രമായി രാത്രി ഭക്ഷണം ക്രമീകരിക്കുക.
✅രാവിലത്തെ ഭക്ഷണത്തിൽ പുളിപ്പിച്ചുണ്ടാക്കുന്ന പലഹാരങ്ങൾ ഒഴിവാക്കി, ധാന്യവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതൽ ചേർത്ത് കഴിക്കുക.
✅ഉച്ചഭക്ഷണം ചോറ് അളവ് കുറച്ച് അവിയൽ പോലുള്ളവ ധാരാളം ചേർത്ത് കഴിക്കുക. മത്സ്യ മാംസങ്ങൾ നിർബന്ധമുള്ളവർ ഉച്ചയ്ക്ക് മാത്രം ചെറിയ അളവിൽ ഉൾപ്പെടുത്തുക.
എന്തായാലും Body Mass Index (BMl) 25 ന് താഴെ നിർത്താൻ ശ്രദ്ധിക്കുക.
*PCOS ൽ യോഗ ഫലപ്രദമാണോ?*
മാനസിക സമ്മർദ്ദം കുറക്കാനും, ഹോർമോൺ സന്തുലനാവസ്ഥ ശരിയാക്കാനും യോഗ പ്രയോജനപ്രദമാണ്. പ്രാണായാമം, സൂര്യ നമസ്ക്കാരം തുടങ്ങിയവ ആവർത്തിച്ച് ചെയ്യുന്നത് കൊണ്ട് ഫലം ലഭിക്കുന്നു.
യോഗയ്ക്ക് പുറമേ മറ്റു ശാരീരിക വ്യായാമങ്ങളും, ഔഷധങ്ങളും ആവശ്യമാണ്.
*ഈ വില്ലന് No entry എങ്ങനെ സാധ്യമാക്കാം ?*
*PCOS വരാതിരിക്കാൻ........*
ആദ്യ ആർത്തവ സമയത്ത് നൽകുന്ന നല്ലെണ്ണ, മഞ്ഞൾപ്പൊടി, എള്ള്, ശർക്കര തുടങ്ങിയവ ആർത്തവ ക്രമക്കേടുകൾക്ക് ഫലപ്രദമാണ്. പലവിധ കുറുക്കുകളും ഈ സമയത്ത് നൽകുന്നത് PCOS നെ പ്രതിരോധിക്കും.
അണ്ഡോത്പാദനം, ആർത്തവ ക്രമക്കേടുകൾ വന്ധ്യത ഇവയെല്ലാം ചികിത്സയിലൂടെ വ്യത്യാസപ്പെടുത്തി എടുക്കാം.
പക്ഷേ അനുബന്ധമായുണ്ടാകുന്ന പല പ്രയാസങ്ങളും നിലനിൽക്കുന്നതായി കണ്ടു വരുന്നു. അതു കൊണ്ട് തന്നെ കൃത്യമായ ഭക്ഷണ രീതി, വ്യായാമം തുടങ്ങിയവ കൗമാര പ്രായം മുതൽ ശീലിക്കുന്നതിലൂടെ PCOS എന്ന ജീവിതശൈലീ രോഗത്തെ പടിക്കു പുറത്തു നിർത്താം.
വീട്ടുജോലികളെ വെറും ജോലികളായി കാണാതെ നല്ല വ്യായാമമുറകളായി കണ്ടാൽ കൗമാരക്കാർക്ക് PCOS വരാതെ തടയുവാനും, പ്രായമായ അമ്മയുടെ മുട്ടുകൾക്ക് വിശ്രമം നൽകുവാനും സാധിക്കും.
അപ്പോഴെങ്ങനെ എല്ലാരും മുറ്റമടി തുടങ്ങുകയല്ലേ ?
ചിരിച്ചു കൊണ്ട് ചോദിച്ച് നിർത്തിയപ്പോൾ എന്റെ നിർദ്ദേശങ്ങളെ അവർ സന്തോഷപൂർവ്വം സ്വീകരിച്ചതായി അവരുടെ ചിരി നിറഞ്ഞ മുഖങ്ങൾ വിളിച്ചു പറയുന്നുണ്ടാരുന്നു
കടപ്പാട് : Dr. M.A.അസ്മാബി.MS (Ay)
Comments
Post a Comment